
ദോഹ: ദോഹ ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റർഫെയ്ത്ത് ഡയലോഗ് (DICID) സംഘടിപ്പിക്കുന്ന പതിനാറാമത് അന്താരാഷ്ട്ര കോൺഫറൻസ് 2026 അവസാനത്തേക്ക് മാറ്റി വെച്ചു. 'ഡിജിറ്റൽ യുഗത്തിലെ മതസംവാദം: സമാധാന നിർമ്മാണത്തിനായുള്ള പുതിയ ചക്രവാളങ്ങൾ' എന്ന പ്രമേയത്തിൽ ഏപ്രിൽ 21 മുതൽ 23 വരെ നടക്കേണ്ടിയിരുന്ന സമ്മേളനമാണ് നീട്ടിവെച്ചത്.
ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി സംവാദം, സഹവർത്തിത്വം, സുസ്ഥിര സമാധാനം എന്നീ മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആഗോള വൈജ്ഞാനിക സംഗമം വിഭാവനം ചെയ്തിരിക്കുന്നത്. സമ്മേളനം നീട്ടിവെച്ച വിവരം ഡി.ഐ.സി.ഐ.ഡി (DICID) ബോർഡ് ഓഫ് ഡയറക്ടർ ചെയർമാൻ ഡോ. ഇബ്രാഹിം ബിൻ സാലിഹ് അൽ നൈമി ഖത്തർ ന്യൂസ് ഏജൻസിയെ അറിയിച്ചു.
ഡിജിറ്റലൈസേഷൻ മതസംവാദങ്ങളിൽ ചെലുത്തുന്ന സ്വാധീനം,
സമാധാനത്തിനായി പുതിയ അറിവുകൾ രൂപപ്പെടുത്തുക,
സുസ്ഥിര സമാധാനത്തിന്റെ നെടുംതൂണായുള്ള മതസംവാദങ്ങൾ,
ഡിജിറ്റൽ മീഡിയയും സ്ഥാപനപരമായ അവബോധവും,
യുവജനങ്ങളും ഡിജിറ്റൽ യുഗവും.തുടങ്ങിയ അഞ്ച് പ്രധാന പ്രമേയങ്ങളെ ആസ്പദമാക്കിയാണ് സമ്മേളനത്തിൽ ചർച്ചകൾ നടക്കുക.
ലോകമെമ്പാടുമുള്ള ചിന്തകരും പണ്ഡിതരും പങ്കെടുക്കുന്ന ഈ സമ്മേളനം, ആധുനിക സാങ്കേതികവിദ്യയെ സമാധാനത്തിനായി എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ചുള്ള പുതിയ നയരൂപീകരണത്തിന് വേദിയാകും.











